ന്യൂഡൽഹി: ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മേഖലകളിലായി സിവിൽ സർവീസിൽ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. ലോക്സഭയിൽ അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര പർസണൽ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎഎസിൽ അനുവദിക്കപ്പെട്ട 6877 തസ്തികകളിൽ 5577 പേരും ഐപിഎസ് വിഭാഗത്തിലെ 5099 തസ്തികകളിൽ 4594 പേരും ഐഎഫ്എസ് വിഭാഗത്തിലെ 3193 തസ്തികകളിൽ 2164 പേരുമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഐഎഎസ് വിഭാഗത്തിൽ 1300 തസ്തികകളും ഐപിഎസ് വിഭാഗത്തിൽ 505 തസ്തികകളും ഐഎഫ്എസ് വിഭാഗത്തിൽ 1029 തസ്തികകളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
സിവിൽ സർവീസിലെ ഒഴിവുകൾ നികത്തുന്നത് ഒരു നിരന്തര പ്രക്രിയയാണെന്നും ഓരോ വർഷവും സംസ്ഥാനങ്ങളിലെ ഭരണപരമായ ആവശ്യങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും പരിഗണിച്ച് നിയമനങ്ങൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മറുപടിയിൽ വ്യക്തമാക്കി. ഓരോ അഞ്ചു വർഷം കൂടുന്പോഴും നടക്കുന്ന കേഡർ റിവ്യൂ പ്രക്രിയയിലൂടെ ഒഴിവുകളും ഭാവിയിലെ ആവശ്യങ്ങളും വിലയിരുത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.